Madayi Muchilot

  • Home
  • About
  • Pooja
  • History
  • Gallery
  • Contact
  • More
    • Kaliyattam
    • committee

കാവിലെ അടിയന്തിരങ്ങളും നിവേദ്യങ്ങളും



സംക്രമ പൂജ : എല്ലാ മലയാള മാസത്തിന്റെയും അവസാന ദിനത്തിലാണ് സംക്രമ പൂജ.
നിവേദ്യം: വെള്ളനിവേദ്യം, ശര്‍ക്കര പായസം.

മേട മാസം : സംക്രമ പൂജ, വിഷു ദിനത്തില്‍ രാവിലെ വിഷു കണി, അപ്പനിവേദ്യം. മേടം 13: പ്രതിഷ്ഠാ ദിനം, രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, നവകപൂജ, വൈകുന്നേരം ചൊവ്വവിളക്ക് അടിയന്തിരം.

ഇടവ മാസം: സംക്രമ പൂജ

മിഥുന മാസം: സംക്രമ പൂജ

കര്‍ക്കിടക മാസം: സംക്രമ പൂജ കര്‍ക്കിടകം 1 മുതല്‍ 31 വരെ വൈകീട്ട് നട തുറന്ന് നിവേദ്യം, വാദ്യം, ചുറ്റുവിളക്കോട് കൂടിയുള്ള സന്ധ്യാവേല. രാവിലെ കര്‍ക്കിടകം 16ന് തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, നിറ.

ചിങ്ങ മാസം: സംക്രമ പൂജ, പുത്തരി നിവേദ്യം, വെള്ളനിവേദ്യം, ശര്‍ക്കര പായസം.

കന്നിമാസം: സംക്രമ പൂജ.

തുലാം മാസം: സംക്രമ പൂജ. തുലാ പത്ത് (വെള്ള നിവേദ്യം, ശര്‍ക്കര പായസം), തുലാപത്തിന് നിവേദ്യത്തിനുള്ള അരി, തേങ്ങ, വെല്ലം, ഇവ സ്ത്രീജനങ്ങൾക്ക് കൊണ്ടു വരാവുന്നതാണ്.

വൃശ്ചിക മാസം : സംക്രമ പൂജ, തൃക്കാർത്തിക ദിവസം രാവിലെ വെള്ള നിവേദ്യം, തൃക്കാർത്തിക ദിനം സ്ത്രീകള്‍ക്ക് ദീപം തെളിയിക്കാവുന്നതാണ്.

ധനു മാസം: സംക്രമ പൂജ.

മകര മാസം: സംക്രമ പൂജ, മകരം 4ന് ഉദയാസ്തമന അടിയന്തിരം, അപ്പം, അരി, പഴം നിവേദ്യം, വൈകിട്ട് വേലചുറ്റുവിളക്ക് അടിയന്തിരം(മേലേരി അടിയന്തിരം), മകരം 5ന് വരച്ചുവെക്കല്‍, മകരം 23 മുതൽ 26 വരെ കളിയാട്ട മഹോത്സവം.

കുംഭ മാസം: സംക്രമ പൂജ.

മീന മാസം: സംക്രമ പൂജ, പൂരം അടിയന്തിരം 9 ദിവസമാണ്. അവസാന ദിനം തിരുവായുധവും, ആഭരണങ്ങളും ധരിച്ച് തമ്പുരാട്ടിമാരുടെ നീരാട്ട് (പൂരം കുളി) തുടർന്ന് അടിയന്തിരം, വൈകിട്ട് പൂരത്തിന് ഉണ്ടാക്കിയ കാമദേവന്റ രൂപങ്ങളുടെ യാത്ര അയക്കല്‍.


പൂജ നിരക്കുകൾ

1. സംക്രമ പൂജ: ₹1000/-.
2. ചുറ്റും വിളക്ക്: ₹2000/-
3. സന്ധ്യാവേല (വാദ്യം, നിവേദ്യം): ₹1500/-
4. സന്ധ്യാവേല (വാദ്യം, നിവേദ്യം,ചുറ്റും വിളക്ക്):₹3500/-
5. ചൊവ്വ വിളക്കടിയന്തിരം : ₹30,000/-
6. വേലചുറ്റുവിളക്കടിയന്തിരം: ₹40,000/-

(പൂജ നിരക്കുകളിൽ കാലോചിതമായി മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ്).

കളിയാട്ടം


മകര മാസം 23 മുതൽ 26 വരെയാണ് കളിയാട്ട മഹോത്സവം. മകരം 23ന് രാവിലെ തന്ത്രി ശ്രീ നടുവത്ത്‌ പുടയൂർ ഇല്ലത്ത്‌ വാസുദേവന്‍ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം. വൈകീട്ട് 6 മണിക്ക് മാടായി കാവില്‍നിന്നും ദീപവും തിരിയും എഴുന്നള്ളിക്കല്‍. 7 മണിക്ക് വാദ്യത്തിന്റെയും, താലപ്പൊലികളുടെയും അകമ്പടിയോടെ കലവറ നിറക്കല്‍ ഘോഷയാത്രയുടെ എത്തിച്ചേരല്‍. തുടർന്ന് അഷ്ടമംഗല്യം ശേഷം സന്ധ്യാവേല, കരിവേടന്‍, വ്യാപാരി തെയ്യങ്ങളുടെ തോറ്റം, തമ്പുരാട്ടി അമ്മയുടെ തോറ്റം തുടര്‍ന്ന് കൂടിയാട്ടം. കുഴി അടുപ്പില്‍ അഗ്നി പകരല്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, നരമ്പിൽ ഭഗവതിയുടെ തോറ്റങ്ങള്‍.

രണ്ടാം ദിനത്തില്‍ (മകരം 24) പുലര്‍ച്ചെ പുലിയൂര്‍ കണ്ണന്‍, കരിവേടന്‍ തെയ്യങ്ങള്‍. രാവിലെ 5 മണിയോട് കൂടി നരമ്പിൽ ഭഗവതിയുടെ പുറപ്പാട്. ശേഷം കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങളുടെ തിരുപുറപ്പാട്. വൈകുന്നേരം തമ്പുരാട്ടി അമ്മയുടെ കൂടിയാട്ടം. സന്ധ്യയോട് കൂടി പുലിയൂര്‍ കണ്ണന്‍, കരിവേടന്‍ തെയ്യങ്ങളുടെ വെള്ളാട്ടം. ശേഷം തമ്പുരാട്ടി അമ്മയുടെ തോറ്റം, വിവിധ തെയ്യങ്ങളുടെ തോറ്റങ്ങള്‍.


3ാം ദിനത്തില്‍ പുലര്‍ച്ചെ പുലിയൂര്‍ കണ്ണന്‍ തെയ്യം, തുടർന്ന് നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങളുടെ പുറപ്പാട്. വൈകിട്ട് കൂടിയാട്ടം, വിവിധ തെയ്യങ്ങളുടെ വെള്ളാട്ടം, തോറ്റങ്ങള്‍.

4ാം സുധിനത്തില്‍ പുലര്‍ച്ചെ കായകഞ്ഞി കയ്യേക്കൽ, രാവിലെ 5 മണിയോട് കൂടി നരമ്പിൽ ഭഗവതിയുടെ പുറപ്പാട്. തമ്പുരാട്ടി അമ്മയുടെ കൊടിയില തോറ്റം, തുടർന്ന് മേലേരി കൂട്ടല്‍.തുടർന്ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി തെയ്യങ്ങള്‍. 12 മണിയോട് കൂടി വിഷ്ണുമൂർത്തി ഭഗവാന്റെ പുറപ്പാട്. മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാടിനു മുമ്പ്‌ മേലേരിതെയ്യം, തമ്പുരാട്ടിയുടെ കോമരത്തിന്റെ മേലേരി കയ്യേക്കൽ. ശേഷം കൈലാസ കല്ലില്‍ ഭുവനി മാതാവ് ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍. ആറാടിക്കല്‍ ചടങ്ങിന് മുമ്പേ രയരമംഗലത്തമ്മയുടെ മുമ്പില്‍ നിന്ന് ശ്രീ മുച്ചിലോട്ട് ഭഗവതി അമ്മ ഭക്തജനങ്ങളുടെ സങ്കടങ്ങൾ ആരായും. തുടർന്ന് രാത്രി 10 മണിയോട് കൂടി ആറാടിക്കൽ ചടങ്ങ്. 10.30ന് ഗംഭീര കരിമരുന്ന് പ്രയോഗം. മകരം 27ന് കരിയിടക്കൽ ചടങ്ങോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനം കുറിക്കും.

കളിയാട്ടത്തിന്റെ എല്ലാ ദിവസങ്ങളിലും 3 നേരം പ്രസാദസദ്യ ഉണ്ടായിരികുന്നതാണ്.


ഐതിഹ്യം


പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ്) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക എഴുത്തു പള്ളിക്കൂടത്തിൽ വച്ച് നടന്ന വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾ‍ക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, രയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. രയരമംഗലം ക്ഷേത്രത്തിലേക്ക്‌ എണ്ണയുമായി ആ വഴി പോയ മുച്ചിലോട്ട്‌ പടനായർ (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട്‌ പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞതായാണ്. ആത്മഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, രയരമംഗലത്തു ഭഗവതിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി മാറിയെന്നും മുച്ചിലോടന് മനസ്സിലാവുകയും തന്റെ കുലപരദേവയായി കണ്ട് ആരാധിക്കുവാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ബ്രഹ്മണകന്യക മുച്ചിലോട്ടു ഭഗവതിയായി മാറിയത്.

Madayi Muchilot kavu

Madayi Muchilot Bagavathi Kshethram
Madayi,payangadi R.S(p.o)
Kannur, Kerala
670358.

Phone: 9895464958(President), 9895182347(Secretary)
Email: madayimuchilot@gmail.com

Connect Us On Facebook :
Connect Us On Instagram :
© Copyright Madayi Muchilot. All Rights Reserved
Designed By: Anuvind Pradeep , Arathi Navaneeth